പാലക്കാട്: അന്താരാഷ്ട്ര വനിതാദിനവും 2026 വനിതാ കർഷക വർഷാചരണവും സംയോജിപ്പിച്ച് മഹിളാ പ്രയാണ്‍ എന്ന പേരിൽ പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാട് സംഘടിപ്പിച്ച വനിതാദിനാഘോഷ പരിപാടികൾ പെണ്‍പെരുമയുടെ ആഘോഷമായി മാറി.
വനിതാദിനാഘോഷ പരിപാടിയുടെ ഭാഗമായി 800 ലേറെ സ്ത്രീകൾ പങ്കെടുത്ത സാംസ്കാരികഘോഷയാത്ര നബാർഡ് ജില്ലാ ഡിഡിഎം കവിതാ റാം ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് പാസ്റ്ററൽ സെന്ററിൽ നടന്ന പൊതുസമ്മേളനം ടൗണ്‍ സൗത്ത് പോലീസ് എസ്ഐ വി. ഹേമലത ഉദ്ഘാടനം ചെയ്തു. പിഎസ്എസ്പി ജില്ലാ വിമൻഫെഡ് പ്രസിഡന്റ് ഡാർലി മാണി അധ്യക്ഷത വഹിച്ചു.
സ്ത്രീത്വത്തിന്റെ ആഘോഷമാകണം വനിതകളുടെ ജീവിതമെന്ന് പാലക്കാട് രൂപത ബിഷപും പിഎസ്എസ്പി രക്ഷാധികാരിയുമായ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അനുഗ്രഹപ്രഭാഷണത്തിൽ പറഞ്ഞു.
മുഖ്യാതിഥിയായ വനിതാ കർഷക അവാർഡ് ജേതാവ് പി. ഭുവനേശ്വരിയെ ബിഷപ് പൊന്നാടയണിയിച്ചു. പിഎസ്എസ്പി യുടെ വനിതാസംഘങ്ങളിൽനിന്ന് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട വനിതകൾ, 25 വർഷം പിഎസ്എസ്പി സ്റ്റാഫായി സേവനം ചെയ്ത പ്രീതി രാജൻ, മികച്ച സംരംഭകർ, എന്നിവർക്ക് ബിഷപ് ഉപഹാരങ്ങൾ സമ്മാനിച്ചു.
വനിതകൾക്കുളള പരിശീലന പരിപാടിയായ പീപ്പിൾസ് ഷീ സ്കിൽ ഡോ. സീമ ഉദ്്ഘാടനം ചെയ്തു. വി. ലത, ജഷിത, വിനീത സെബാസ്റ്റ്യൻ, സിജു എന്നിവർ ആശംസകൾ നേർന്നു. മഹിളാപ്രയാണ് 2026 മത്സരവിജയികൾക്ക് പിഎസ്എസ്പി പ്രസിഡന്റ് മോൺ ജിജോ ചാലയ്ക്കൽ സമ്മാനങ്ങൾ നല്കി. ജെ എസ്എസ് പരിശീലനാർഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ജെഎസ്എസ് ചെയർമാൻ ഫാ. സീജോ കാരിക്കാട്ടിൽ നിർവഹിച്ചു. വിവിധ ബ്ലോക്ക് ഫെഡറേഷനുകളുടെ നേതൃത്വത്തിൽ കലാപരിപാടികൾ നടന്നു.
സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു. പരിപാടികൾക്ക് കണ്‍വീനർമാരായ വത്സമ്മ, ടിൻസി, ബാബു, വിമൻ കോ-ഓർഡിനേറ്റർ അരുണ്‍, അസി. ഡയറക്ടർ ഫാ. സാൻജോ, പിഎസ്എസ്പി സ്റ്റാഫ്, ജില്ലാഫെഡ് ഭാരവാഹികൾ എന്നിവർ നേതൃത്വം നല്കി.